Friday, 12 April 2024

സത്യമാകുന്ന തോന്നലുകൾ..!

 സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കുറച്ചു മുന്നേ തന്നെ മനസ്സിലാകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ . അയ്യർ ദി ഗ്രെയ്റ്റ് , ഫൈനൽ ഡെസ്റ്റിനേഷൻ എന്നീ ചിത്രങ്ങളുടെയെല്ലാം കഥാ തന്തു ഇതാണ് . എന്നാൽ ഞാൻ ഇനി പറയാൻ പോകുന്ന രണ്ടു കാര്യങ്ങൾ സിനിമയിലേതല്ല . 

            പത്തു വർഷം മുൻപ് , കോട്ടയം ദീപിക പത്രത്തിൽ ഞാൻ ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന കാലം. ജോലി കഴിഞ്ഞ് നാട്ടിലേക്കു വരാനായി ഒരു ശനിയാഴ്ച്ച വൈകുന്നേരം കൊല്ലത്തേക്കുള്ള മെമു ട്രെയിൻ വരുന്നതും കാത്ത് രണ്ടാമത്തെ പ്ലാറ്റഫോമിലെ നീളൻ ചാരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഞാൻ . ഹെഡ് സെറ്റിൽ പാട്ടും കേട്ടങ്ങനെ ഇരിക്കുമ്പോൾ കുറച്ചപ്പുറത്തുനിന്നും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറിനകത്താക്കിയ പൊതിയുമായി ഏകദേശം 18 വയസ്സ് പ്രായം   തോന്നിക്കുന്ന ഒരു പയ്യൻ നടന്നുവരുന്നത് കണ്ടിട്ട് എന്തോ ഒരു വല്ലാത്ത നെഗറ്റീവ് ഫീൽ ചെയ്തു . അവനിൽ എന്തോ ക്രിമിനൽ മൈന്റുള്ള ഒരുവനെപ്പോലെ വെറുതെ തോന്നി . അവൻ പതുക്കെ നടന്നുവന്നിട്ട് എന്റെ ഇടത്തെ സൈഡിലിങ് ഇരിപ്പും ഉറപ്പിച്ചു . അതോടെ  എന്റെ ടെൻഷനും ഇത്തിരിയങ്ങ് കൂടി ..അല്പം കഴിഞ്ഞപ്പോൾ അവൻ പാളത്തിന്റെ വലത്തേക്കും ഇടത്തേക്കും വശങ്ങളിലേക്കും ചൂണ്ടി കാണിച്ചിട്ട് എന്നോട് ചോദിച്ചു " ചേട്ടാ ..കൊല്ലത്തേക്ക് പോകുന്നത് അങ്ങോട്ടോ അതോ ഇങ്ങോട്ടോ " ..ഞാൻ ഇടത്തേക്കാണെന്ന് മറുപടി പറഞ്ഞൊഴിഞ്ഞു . അവൻ കൂടുതൽ സംസാരിച്ച് കമ്പനിയാവാനുള്ള ശ്രമം തുടർന്നു ഞാനാണെങ്കിൽ അകലാനും . കാരണം വല്ല കള്ളനോ , ക്രിമിനമോ ആണോ എന്നുള്ളൊരു തോന്നൽ .. അപ്പോൾ പിന്നേം അവൻ " ചേട്ടാ ചേട്ടന്റെ ആ ഫോണൊന്നു തരാവോ ഒന്ന് വിളിക്കാൻ ? “ അതും കൂടി കേട്ടതോടെ  എന്റെ ടെൻഷന്റെ ആക്കം കൂടി , ഒരു പരിചയവും ഇല്ലാത്തവനെന്തിന് എൻ്റെ ഫോൺ ചോദിക്കണം . വല്ല ഉടായിപ്പ് വേലക്കും ആയിരിക്കുമോ " അയ്യോ ..ഇതിൽ റോമിങ്ങുണ്ട് " ഞാൻ ഒരു കള്ളമങ്ങ് കാച്ചി . അവൻ പിന്നേം വിടാൻ ഭാവമില്ല “ ചേട്ടനെവിടുന്നാ വരുന്നത് ബാംഗ്ളൂരീന്നാണോ ? “ ഞാൻ അതെയെന്ന് വെറുതെ തലയാട്ടി . അപ്പോൾ അവൻ പിന്നെയും " ബാംഗ്ളൂരിൽ എവിടെ ..? " ദൈവമേ ..ഞാൻ പെട്ടു ..! കാരണം ബാംഗ്ളൂരിലെ ഒറ്റ സ്ഥലത്തിന്റെ പേരുപോലും എനിക്കറിയില്ലായിരുന്നു . അവനിൽ നിന്ന് രക്ഷപെടാനായി ഞാൻ ആ ചോദ്യം കേട്ട ഭാവമില്ലാതെ ഫോണിലെ പാട്ടും കേട്ടങ്ങിരുന്നു . അപ്പോഴാണ് എന്റെ വലത് വശത്തായി ഏകദേശം ഒരു നാലുവയസ്സുള്ള പയ്യനും അമ്മയും വന്നു നിന്നത് . ആ കൊച്ചു പയ്യന്റെ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം എനിക്ക്   അനുഭവപ്പെട്ടു . ആ മുഖം കണ്ട ഉടനെ ' അനന്തു ' എന്നൊരു പേര് അറിയാതെ എന്റെ മനസ്സിൽ വന്നു . ആ പേരാണ് അവന് ഏറ്റവും യോജിക്കുന്നത് എന്നൊരു വിചാരവും . ഇത്തിരി കഴിഞ്ഞപ്പോൾ എന്റെ വലത്തേ വശത്ത് ആ കൊച്ചു പയ്യനും വന്നിരുന്നു . അപ്പോഴേക്കും എനിക്ക് വെറുതെ തോന്നിയ 'അനന്തു ' എന്ന പേര് എന്റെ മനസ്സിലൂടെ ഭയങ്കരമായിട്ട് കറങ്ങിക്കൊണ്ടേയിരുന്നു . ആ പേര് എന്റെ തൊണ്ടയിൽ ആകെ ഞെരിക്കുന്നതുപോലെ ഒരു തോന്നൽ ..ഇത്തിരി നേരത്തേക്ക് എനിക്ക് വല്ലാത്ത പരവേശവും അവന്റെ യഥാർത്ഥ പേരൊന്നറിയാനുള്ള വെപ്രാളവും കൂട്ടി... ശരിക്കുള്ള അവന്റെ പേര് അറിയാതെ സമാധാനം കിട്ടില്ല എന്നൊരു തോന്നൽ , ഞാൻ ആ കൊച്ചുപയ്യനോട് ചേർന്നിരുന്നിട്ട് പതുക്കെ അവനോടായി ചോദിച്ചു " മോനേ ..മോന്റെ പേരെന്താ ..? " . അപ്പോൾ ആ കൊച്ചു പയ്യൻ എന്റെ മുഖത്തേക്ക് നോക്കിയിട്ട് വളരെ നിഷ്കളങ്കമായി പറഞ്ഞു " അനന്തു " . അത് കേട്ടതും ഞാനങ്ങ് ഇടിവെട്ടേറ്റതുപോലെ ആയിപ്പോയി . ഇതെന്തൊരു മറിമായം ?. ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു കൊച്ചു പയ്യൻ , ' അനന്തു ' എന്ന പേര് അവന് യോജിക്കുന്നതായി വളരെ സ്ട്രോങ്ങായി അങ്ങ് തോന്നുക അത് സത്യമാവുക , ഞാൻ ആശ്ചര്യപ്പെട്ടുപോയി . ട്രെയിൻ കൊല്ലത്ത് എത്തുന്നതുവരെ എനിക്ക് കിളിപോയ അവസ്ഥ ആയിരുന്നു . ഞായറാഴ്ചത്തെ അവധിക്കു ശേഷം തിങ്കളാഴ്ച്ച രാവിലെ കോട്ടയത്തെ ഓഫിസിൽ എത്തുന്പോഴും ഈ സംഭവത്തിന്റെ ഹാങ്ങ് ഓവർ മാറിയിരുന്നില്ല . ഓഫീസിൽ എത്തിയ ഞാൻ പതിവില്ലാതെ രാവിലെ പത്രമൊന്നു തുറന്നു നോക്കി . അതിലെ ഒരു വാർത്ത ഏകദേശം ഇങ്ങനെ ആയിരുന്നു. “ നാക്കിന്റെ അടിയിൽ പാമ്പിനെ കൊണ്ട് കൊത്തിച്ച് ലഹരി നുണയുന്ന യുവാവ് പിടിയിൽ ” , പ്രതിയുടെ കയ്യിൽ നിന്നും ഒരു പൊതിയിലെ കഞ്ചാവും പിടിച്ചെടുത്തു . പ്രതി ബാംഗ്ളൂരിൽ നിന്നാണ് ഇങ്ങനെ പാമ്പിനെ ഉപയോഗിച്ച് ലഹരി നേടിയിരുന്നത് . രണ്ടു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി കൊല്ലം കേരളപുരം സ്വദേശി ആണ് . വാർത്തയ്‌ക്കൊപ്പമുള്ള പ്രതിയുടെ മുഖചിത്രം ഞാനൊന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് കഥയിലെ രണ്ടാമത്തെ ട്വിസ്റ്റ്, എനിക്ക് പരിചയം ഉള്ള മുഖം. രണ്ടു ദിവസം മുൻപ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടപ്പോഴേ എനിക്കെന്തോ പ്രശ്നക്കാരൻ എന്ന് തോന്നിച്ച , എന്റെ ഇടത്തെ സൈഡിൽ വന്നിരുന്ന , വിളിക്കാനായി എന്നോട് ഫോൺ ചോദിച്ച, എന്നെ അൽപ്പ നേരത്തേക്ക് ടെൻഷന്റെ മുൾമുനയിൽ നിർത്തിയ അവൻ തന്നെ ..! ഞാൻ വീണ്ടും കിളി പോയ അവസ്ഥയിലായി . ദൈവമേ ..എനിക്കിതെന്തൊക്കെയാണ് സംഭവിക്കുന്നത്..എന്റെ തോന്നലുകളൊക്കെ സത്യമാവുകയാണല്ലോ.. ..? വിചിത്രമായ രണ്ടനുഭവങ്ങളും കൂടി ഒരുമിച്ച് വന്നപ്പോഴേക്കും കുറേ നേരത്തേക്ക് എന്റെ കണക്ഷൻ പോയതുപോലെ ആയി . സംഭവിച്ച കാര്യങ്ങളൊക്കെ മറ്റൊരാളോട് വിശദീകരിക്കാൻ പോലും പറ്റാത്ത വിധം ടോട്ടലി ബ്ലാങ്ക് ആയ അവസ്ഥ ..! ആലോചിച്ചിട്ട് ഒരു പിടീം കിട്ടുന്നില്ല . വല്ല ചാത്തനും കൂടിയതാണോ..? ഒന്ന് രണ്ട് ദിവസം എടുത്തു ഞാൻ ആ ഹാങ്ങ്‌ ഓവറിൽ നിന്നും പുറത്തു വരാൻ...


              നമ്മുടെ ചില നിസ്സാര തോന്നലുകൾ അങ്ങനെയാണ്. പിന്നീടത് സത്യമാകുമ്പോൾ വണ്ടറടിച്ചുപോകും ..!  

പ്രപഞ്ചത്തിലെ ഏറ്റവും കോംപ്ലിക്കേറ്റഡായ മിഷൈൻ എന്താണെന്നറിയാമോ ..? അത് മനുഷ്യന്റെ ശരീരമാണെന്നാണ് എവിടെയോ വായിച്ചറിഞ്ഞത് . പക്ഷെ ശരീരം മാത്രമല്ല ശാസ്ത്രം ഇത്രയും വളർന്നിട്ടും ഈ പ്രപഞ്ചവും മനുഷ്യനും മനുഷ്യന്റെ സൂഷ്മമായ മനസ്സുമെല്ലാം ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത തരത്തിൽ നിഘൂടതകൾ ഒളിച്ചിരിക്കുന്ന, വളരെയേറെ മിസ്റ്റീരിയസ് ആയ എന്തോ ആണ് ..

No comments:

Post a Comment

സത്യമാകുന്ന തോന്നലുകൾ..!

 സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കുറച്ചു മുന്നേ തന്നെ മനസ്സിലാകുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ . അയ്യർ ദി ഗ്രെയ്റ്റ് , ഫൈനൽ ഡെസ്റ്റിനേഷൻ എന്നീ ച...