'വീണ്ടും ചില
വീട്ടുകാര്യങ്ങൾ ' എന്ന ചിത്രത്തിൽ അതി
മനോഹരമായൊരു സീനുണ്ട് . ജയറാം അവതരിപ്പിച്ച റോയ് എന്ന കഥാപാത്രം എന്തെങ്കിലും ഒരു
തൊഴിലിനായി പല വഴിക്ക് അലഞ്ഞിട്ട് പാതിരാത്രിയിൽ ഒരു ലോറിയിൽ തിരികെ വരുമ്പോൾ വഴിൽ
സഹായത്തിനായി നിൽക്കുന്ന ലോഹിതദാസിനെ കാണുന്നത്. വഴിക്കു വച്ച് കേടായ ലോഹിയുടെ കാർ
നന്നാക്കുവാൻ റോയ് ശ്രമിക്കുന്നു . മെക്കാനിക് അല്ലെങ്കിലും അത് നന്നാക്കാൻ പണ്ട്
ഓട്ടോ മൊബൈൽ എൻജിനിയറിങ് പഠിച്ചത് മാത്രമാണ് അയാളുടെ ആത്മവിശ്വാസം. ഒടുവിൽ നന്നാക്കികഴിയുമ്പോൾ ചെറിയൊരു
പ്രതിഫലം സ്നേഹത്തോടെ ലോഹി റോയിക്ക് വച്ചു നീട്ടുമ്പോൾ "അയ്യേ
പൈസയൊന്നും വേണ്ട , സാർ വിചാരിച്ചാൽ ഒരു ജോലി ശരിയാക്കിത്തരാൻ
പറ്റുവോ ..?" എന്ന് ചോദിക്കുന്ന റോയിയോട് " ചോക്കുമലയിൽ ഇരിക്കുന്നവൻ ഒരു ചോക്കു
കഷ്ണം അന്വേഷിച്ചുപോയ കഥയുണ്ട് , കയ്യിൽ നല്ലൊരു
തൊഴിൽ ഇരിക്കുമ്പോഴാണ് താൻ ജോലി
അന്വേഷിച്ചു നടക്കുന്നത് .., എടോ
..കയ്യിലിരിക്കുന്നത് മറന്നിട്ട് കിട്ടാത്തതിന്റെ പിന്നാലെ പോയാൽ അത് അകന്നു
പോവുകയേ ഉള്ളൂ ..സമയമാകുമ്പോൾ വരേണ്ടത് വന്നിരിക്കും .." എന്ന സരസമായ ഭാഷയിൽ
റോയിക്ക് ഉപദേശം നൽകുന്നു ..
പലർക്കും ഉണ്ടാകും റോയിയെപോലെ , തന്റെ യഥാർത്ഥ
തട്ടകം ഏതാണെന്ന് തിരിച്ചറിയാതെ കടന്നുപോകുന്ന ഒരു കാലഘട്ടം. ഏതായാലും സിനിമയിൽ
ലോഹി സാർ റോയിയോടു പറഞ്ഞ ആ വാചകം ഒരു വേളയിൽ ഞാനും ശിരസ്സാൽ സ്വീകരിച്ചു. എന്റെ ശരിയായ തട്ടകം തിരഞ്ഞെടുക്കുവാൻ അത് വളരെ
അധികം സഹായിക്കുകയും ചെയ്തു.
എന്റെ പാലക്കാടൻ യാത്രയിൽ
ആദ്യം പോയത് ലക്കിടിയിലേക്കായിരുന്നു . അവിടെ ലക്കിടിയിലുള്ള ലോഹി സാറിന്റെ
വീടൊന്നു കാണുക. പിന്നെ വാല്സല്യം സിനിമ
ചിത്രീകരിച്ച ഒറ്റപ്പാലത്തെ വീടും ഒന്ന് കണ്ടു വരിക . അങ്ങിനെ പാലക്കാട്ടെ ഒരു വെളുപ്പാൻകാലത്താണ്
ഒറ്റപ്പാലത്തേക്കു പോകാനായി എന്റെ ബൈക്കിന്റെ കിക്കെർ സ്റ്റാർട്ട് ചെയ്തത് . ആദ്യം
ലക്കിടിയിലെ അകലൂർ എന്ന ഗ്രാമത്തിൽ എത്തി . അവിടെ ലോഹി സാറിന്റെ അമരാവതി എന്ന
വീട് കണ്ടെത്താൻ വലിയ പ്രയാസപ്പെട്ടില്ല . ഭൂതക്കണ്ണാടി എന്ന സിനിമയിൽ കണ്ടതുപോലുള്ള പല നാട്ടുവഴികളും ഞാൻ
അവിടെ കണ്ടു. ഇത്തരം ഗ്രാമങ്ങളിലൂടെ അവിടുത്തെ നട്ടുവഴികളിലൂടെയെല്ലാം
സഞ്ചരിക്കുമ്പോൾ മനസ്സിന് ഒരു ധ്യാനത്തിന്റെ ശാന്തതയും ഉന്മേഷവുമാണ് ലഭിക്കുന്നത്
അദ്ദേഹത്തിന്റെ രചനയിലും
സംവിധാനത്തിലും പിറന്ന പല സിനിമകളിലും പാലക്കാടിന്റെ, പ്രത്യേകിച്ച് ഷൊർണുർ ഒറ്റപ്പാലം പ്രദേശങ്ങൾ
വളരെ അധികം കാണുവാൻ കഴിയും. ഒരു കാലത്ത് മലയാള സിനിമ എന്നുപറഞ്ഞാൽ തന്നെ ഈ
പറഞ്ഞ ചുറ്റുപാടുകളിൽ ഉള്ള കഥാ പശ്ചാത്തലങ്ങൾ മാത്രമായിരുന്നു . അവയിൽ അധികവും
മലയാളത്തിലെ അറിയപ്പെടുന്ന സിനിമകളുമായി മാറുകയും ചെയ്തു. വെങ്കലം , കാരുണ്യം ,സല്ലാപം , വാത്സല്യം .
ഭൂതക്കണ്ണാടി , അരയന്നങ്ങളുടെ
വീട് , തുടങ്ങിയവ ഇതിന്
ഉദാഹരണങ്ങളാണ് .ഒറ്റപ്പാലം പലരും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ലോഹിസാറിന്റെ ഒറ്റപ്പാലം സിനിമകൾക്ക്
എല്ലാക്കാലത്തും ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു . അവിടുത്തെ സാധാരണക്കാരന്റെ
ജീവിതം ഒട്ടും തന്നെ കൃതൃമത്വം എഴുതി ഫലിപ്പിക്കാൻ ആ വലിയ കലാകാരന് കഴിഞ്ഞു.
മലയാളിക്ക് കഥകളുടെയും കഥാപാത്രങ്ങളുടെയും
വൈവിധ്യങ്ങൾ കാട്ടിത്തന്ന ആ വലിയ കലാകാരൻ
ഇപ്പൊൾ നമുക്ക് കാണാൻ കഴിയാത്ത
വിധം പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളിൽ ലയിച്ചു
. പക്ഷെ അദ്ദേഹം നൽകിയ കഥാപാത്രങ്ങളെ
നമുക്ക് ജീവിതത്തിൽ പലയിടത്തും കാണാം.
വാത്സല്യം എന്ന ചിത്രത്തിൽ മേലേടത്തു രാഘവൻ
നായർ എന്ന കഥാപാത്രത്തെ മലയാളിക്ക് മറക്കാൻ കഴിയുമോ ..അതുപോലെ തന്നെ ആ വീടും .? മമ്മൂട്ടയുടെ കഥാപാത്രം സന്ധ്യാനേരത്ത് ഉമ്മറത്തിരുന്നു നാമം
ജപിക്കുന്നതും കുട്ടികൾ ആ വലിയ മുറ്റത്തു ചെക്ക് കളിക്കുന്നതും താഴെ പടിപ്പുര കഴിഞ്ഞ് വീട്ടിലേക്കു കണ്ടത്തിലെ
പൂട്ടുകഴിഞ്ഞ കാളക്കൂറ്റന്മാരെയുമായി വരുന്ന കാർഷിക വൃത്തിയുടെ അന്തരീക്ഷം നിറഞ്ഞു
നിൽക്കുന്നതുമായ ആ വീട് മലയാളീ
പ്രേക്ഷകർക്ക് എത്രയോ പരിചയമാണ് . ആ കാലഘട്ടത്തിലെ ഏറ്റവും നല്ല കുടുംബ
ചിത്രമായിരുന്നു ലോഹിത ദാസ് എഴുതി കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ ഇറങ്ങിയ
വാത്സല്യം .
ഒറ്റപ്പാലത്തായിരുന്നു ആ
വീട് . പക്ഷെ ചിത്രത്തിൽ കാണുന്ന ആ പ്രതാപം ഇപ്പോൾ ഇല്ല . താമസിക്കാൻ ആരുമില്ലാതെ
വല്ലാതെ പഴകി കിടക്കുന്നു . ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ കാണുന്നത് ഒരു ബംഗാളി
പയ്യൻ ആ വീടിന്റെ അകം വൃത്തിയാക്കികൊണ്ടിരിക്കുന്നതാണ്. അല്പം മലയാളം അറിയുന്ന
അയാളോട് ഞാൻ ചോദിച്ചു , ഈ വീട് ഏതാണെന്നറിയാമോ ..? അപ്പോൾ അയാൾ , ഇല്ല ..സേട്ടാ ..
മമ്മൂട്ടയെ അറിയാമോ ..? ഹാ ..സേട്ടാ ...ആ ..ആ മമ്മൂട്ടി പണ്ട് താമസിച്ച വീടാണിത് ..അയാളെന്നെ ഇത്തിരി സംശയത്തോടെ നോക്കി . ഞാനപ്പോൾ യുട്യൂബിൽ വാത്സല്യം സിനിമയിലെ ആ വീടിന്റെ ഭാഗങ്ങളെല്ലാം കാണിച്ചു . അയാൾ വലിയ ഞെട്ടലോടെ , കൗതുകത്തോടെ ഫോണിലേക്കും പിന്നെ ശരിക്കുള്ള വീട്ടിലേക്കും മാറി മാറി നോക്കി .. ആ പാവം ബംഗാളിക്ക് ശരിക്കും അപ്പോഴാണ് വിശ്വാസം വന്നത് താനിതുവരെ മാറാല തട്ടിയും തൂത്തും തുടച്ചുമൊക്കെ ഇരുന്ന വീട് മലയാളിയുടെ മനസ്സിൽ നിന്ന് ഒരിക്കലും മാറാല പിടിക്കാത്ത ഒരു വീടാണെന്ന്..!
.